കൽപ്പറ്റ: വിവാദമായ മുട്ടിൽ മരംമുറിക്കേസിൽ വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചു. 1/21 കേസിന്റെ അന്തിമ റിപ്പോർട്ടാണ് കഴിഞ്ഞ 17ന് സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചത്.
വയനാട് മുട്ടിലിൽ നിന്ന് സംരക്ഷിത വിഭാഗത്തിൽപ്പെട്ട ഈട്ടിമരങ്ങൾ നിയമവിരുദ്ധമായി മുറിച്ചുകടത്തുകയും വ്യാജ രേഖകൾ ചമച്ച് മലബാർ ടിംബേഴ്സ് ഉടമയ്ക്ക് വിറ്റ് 1.40 കോടി രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നതാണ് കേസ്. വനം വകുപ്പ് കുറ്റപത്രം നൽകിയില്ലെന്ന് കാണിച്ച് എറണാകുളം ചോറ്റാനിക്കര കോടതിയിലുള്ള വഞ്ചനാക്കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസിന്റെ വിചാരണ തടയണമെന്നാവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. നേരത്തെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയും കേരള ഹൈക്കോടതിയും ഇവരുടെ ഈ ആവശ്യം തള്ളിയിരുന്നു.